2012, മാർച്ച് 18, ഞായറാഴ്‌ച

ഞങ്ങളെക്കുറിച്ച്....

                             ആദ്യം തന്നെ പറയട്ടെ..  ഈ ബ്ലോഗിടത്തില്‍ ഞങ്ങള്‍ രണ്ടു പേരുണ്ട് കേട്ടോ.. രണ്ടു പേരെന്നു വെച്ചാല്‍ ഒന്ന് ദേ ഈ '' ഞാനും '' രണ്ട്‌  ദോണ്ടെ "   ലവനും ""   .. വിശദമായി പരിചയപ്പെടുത്താമെന്നു  വെച്ചാല്‍ സത്യം പറയാല്ലോ... പാവങ്ങളാ.. പഞ്ചപാവങ്ങള്‍ . പ്രവിശാലവും പ്രത്യക്ഷസുന്ദരവുമായ ഈ പ്രപഞ്ചത്തിലെ വെറും കീടസമന്മാര്‍. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സുപ്രഭാതത്തില്‍.. അയ്യോ ക്ഷമിക്കണം,  സുപ്രഭാതത്തിലൊന്നുമല്ല, ഒരു പച്ചപ്പാതിരാവില്‍ ഈയുള്ളോന്മാര്‍ക്ക്  ഒരു ബോധോദയം ഉണ്ടായി.. പണ്ടെങ്ങാണ്ട് ബുദ്ധഭഗവാനുണ്ടായ  പോലെ യമണ്ടന്‍ സംഭവമൊന്നുമല്ല. എങ്കിലും ഒരു ചെറിയ ബോധോദയം.. ഒരു ബ്ലോഗ്‌ തുടങ്ങിയാലോ എന്ന്.. പറഞ്ഞത്‌ ലവനാണ് കേട്ടോ.. കേട്ടപ്പോള്‍ വിനീതവിധേയനായ ഈ എനിക്കും തോന്നി സംഭവം കൊള്ളാല്ലോയെന്നു.. വായില്‍ തോന്നുന്നത് കോതക്ക്‌ പാട്ട് എന്നപോലെ 24 മണിക്കൂറും കലപില കലപിലാന്നു ചെലച്ചോണ്ടിരിക്കുന്ന കുറേ രാഷ്ട്രീയക്കോമരങ്ങളുള്ള നാട്ടില്‍ ഈ പാവങ്ങള്‍ക്കും പറയാന്‍ ചിലതൊക്കെ ഉണ്ടാകില്ലേ..? അതിനു ഒരിടം.. അതാണിത്.. ഏതു? ശ്ശോ.. ഇത് തന്നെ ഈ "   എതിരൊലികള്‍ "
             പരിചയപ്പെടുത്തല്‍ കുറച്ചും കൂടി ആകാം അല്ലെ? അതല്ലേ അതിന്റെ ഒരിത്?  ആദ്യം ഈയുള്ളവനെ കുറിച്ച് തന്നെ ആകാം..(ലവനെ കുറിച്ച്  വഴിയെ പറയാം.. )      ജനനം കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി എന്ന ഗ്രാമത്തില്‍ .. വാപ്പിച്ചിയും ഉമ്മിച്ചിയും ജഹാസ്‌ എന്ന് പേരിട്ട് വിളിച്ചു... സ്കൂളിലും കോളേജിലും വിളിപ്പേരുകള്‍ വേറെയും വീണു കേട്ടോ.. എന്റെ സൌകര്യാര്‍ത്ഥം, എന്റെ മാത്രം സൌകര്യാര്‍ത്ഥം അതിവിടെ വെളിപ്പെടുത്തുന്നില്ല..!!!  സ്കൂള്‍ ,ഹൈസ്കൂള്‍ വിദ്യാഭ്യാസമൊക്കെ കെങ്കേമമായിതന്നെ നടന്നു.. എന്റെ നല്ലകാലമോ അതോ രോഗികളുടെ കഷ്ടകാലമോ എന്നറിയില്ല.. ഇപ്പോള്‍ എം.ബി.ബി.എസ്. മൂന്നാം വര്‍ഷവിദ്യാര്‍ഥിയായി പഠനം തുടരുന്നു.. പാവമാണ് കേട്ടോ ഞാന്‍...,.. സംഭവം ഞാന്‍ തന്നെ എന്നെ കുറിച്ച്  "  പാവം ചക്കര പഞ്ചാര ചക്ക തേങ്ങ മാങ്ങാ "  എന്നൊക്കെ പറയുന്നത് പരമ ബോറാണെങ്കിലും  എന്നെകുറിച് വസ്തുനിഷ്ടമായി പറയാന്‍ എനിക്കല്ലാതെ വേറെ ആര്‍ക്കാടോ ഉവ്വേ കഴിയുക..? നിങ്ങളങ്ങ് ക്ഷമീര്..    കുറച്ചൊക്കെ അന്തര്‍മുഖനും അല്പം ദുരഭിമാനിയും ഒന്നാംതരം സ്വപ്നജീവിയും സര്‍വോപരി പരമമടിയനുമാണ് ഞാന്‍ എന്ന സത്യം മറച്ചു വെച്ചാല്‍ നിങ്ങള്‍ ചോദിക്കും '' അതെന്നതാടാ ഉവ്വേ അത്  കള്ളക്കളിയല്ലേന്ന്..''? സമ്മതിച്ചിരിക്കുന്നു.. സത്യമാണ്. പകല്‍വെളിച്ചം പോലെ സത്യമാണ്.. പോരെ.? ഇതാണ്.. ഇതൊക്കെയാണ്.. ഇങ്ങനെയൊക്കെയാണ് ഞാന്‍... ..   ....


          ഇനി "  ലവനെ"   ഒന്ന് പരിചയപ്പെടുത്തിയേക്കാം... ലവന്റെ പേരാണ് ടിനു.. മുഴുവന്‍ പേര് ടിനുരാജ്‌....,. ഒരു കിടിലന്‍ വിളിപ്പേര് ഇവനുമുണ്ട്. എന്റേത് പരസ്യപ്പെടുത്താത്ത സ്ഥിതിക്ക് അതും രഹസ്യമായി തന്നെ ഇരിക്കട്ടെ എന്നാവും നിങ്ങള്‍ പറയാന്‍ പോകുന്നത്..എനിക്കറിയാം.. നിങ്ങള്‍ കിടിലങ്ങളല്ലേ.. അത് പോട്ടെ.. ലവനിലേക്ക് തന്നെ നമുക്ക്‌ തിരികെ എത്താം. സംഗീതത്തിന്‍റെ അസ്ക്യത കുറച്ചുണ്ട്  പുള്ളിക്കാരന്.. എന്നും പറഞ്ഞു അങ്ങ് ഗ്വാളിയാറിലേക്കോന്നും വെച്ചുപിടിച്ചില്ല കര്‍ണാടിക് സംഗീതം പഠിക്കാന്‍.. ,. എഞ്ചിനീയറിംഗ് ആയിരുന്നു പഠിച്ചത്.. പഠനം കഴിഞ്ഞു ഇപ്പോള്‍ ബംഗ്ലൂരില്‍ ജോലി ചെയ്യുന്നു.. വയലാറും യേശുദാസും ജോണ്‍സണ്‍മാഷുമൊക്കെയാണ്  കഥാനായകന്റെ ഇഷ്ടക്കാര്‍,. പ്രണയം, പ്രണയനൈരാശ്യം എന്നിവയെ കുറിച്ച് മണിക്കൂറുകളോളം സംസാരിച്ചോളും.. ഒരു  ഗട്ടറോ ഹംപോ പിറ്റ്സ്റ്റോപ്പോ ഇല്ലാതെ..  (അതിനുള്ള അനുഭവജ്ഞാനമൊക്കെ ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ.). രസികന്‍.. , സഹൃദയന്‍, സ്വപ്നജീവി ഇമ്മാതിരി വിശേഷണങ്ങള്‍ക്ക് പരമയോഗ്യന്‍,... 
               രണ്ട്‌ കാര്യകര്‍ത്താക്കളുള്ള ബ്ലോഗ്‌  ആണിതെന്ന് ഇപ്പൊ മനസ്സിലായില്ലേ? കര്‍ത്താവെ.. പറഞ്ഞു പറഞ്ഞു കാടു കയറിപ്പോയത് അറിഞ്ഞില്ല.. പരിചയപ്പെടുത്തലിനു ഇവിടെ ഫുള്‍സ്റ്റോപ്പ്‌ ഇടാം.. ഒരു വെടിക്കുള്ളത് ആയില്ലേ..? മതി.. ധാരാളമായി.. അപ്പൊ പിന്നെ വിട..!
              

ജനപ്രിയ പോസ്റ്റുകള്‍‌